Wednesday, 22 April 2015


എൻറെ പേരക്കുട്ടിയുടെ കഥ-എൻ്റെ അവ്നി മോൾ


വീണ്ടും ബ്ലോഗ്‌ എഴുതി തുടങ്ങണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഞാന്‍ പേരക്കുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ എന്‍റെ അശ്രദ്ധ കൊണ്ട് അവള്‍ വീണത് അവളുടെ തലപൊട്ടി ചോര ധാരയായി ഒഴുകിയത്. അത് കണ്ട ഞാന്‍ കരഞ്ഞുകൊണ്ട് അവളെയും എടുത്തുകൊണ്ട് ഓടി സ്റ്റൈയര്‍ കേസും ചാടി ഇറങ്ങി.അവളുടെ നെറ്റിയില്‍ നിന്നും ഒഴുകി ഇറങ്ങിയ രക്തം എന്‍റെ ഷര്‍ടിലും മുണ്ടിലും നിറഞ്ഞൊഴുകി. ഓ……. ഓര്‍ക്കുവാന്‍ കൂടി വയ്യ…. അത് കണ്ട അവളുടെ അമ്മയുടെ അമ്മ തല കറങ്ങി വീണു അച്ഛന്‍ കുറച്ചു ധൈര്യം കാട്ടി നെറ്റിക്ക് വട്ടം തുണികൊണ്ട് കെട്ടി .എനിക്ക്കാര്‍ ഡ്രൈവ് ചെയ്യാന്‍ പറ്റുന്നില്ല ടെന്‍ഷന്‍ കൊണ്ട്. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ ഒരു കണക്കിന് എത്തിച്ചു. അന്ന് ഞായറാഴ്ച ആയതിനാല്‍ ഡോക്ടര്‍മാര്‍ കുറവായിരുന്നു. അപ്പോഴേക്കും രക്തം വരവ് നിലച്ചിരുന്നു. കുട്ടിയുടെ നെറ്റിയില്‍ നീളത്തില്‍ വലിയ മുറിവ്. പ്ലാസിടിക് സര്‍ജറി ചെയ്തില്ലെങ്കില്‍ പാട് കാണും. അവിടെ പ്ലാസ്റ്റിക്‌ സര്‍ജന്‍ ഇല്ലാതിരുന്നതിനാല്‍ എലൈറ്റ്‌ ഹോസ്പിറ്റലില്‍ എത്തിക്കണം. കൂനിന്മേല്‍ കുരു എന്നപോലെ കൂര്‍ക്കഞ്ചേരി അമ്പലത്തില്‍ പൂയം ഉത്സവം ട്രാഫിക്‌ ബ്ലോക്ക്‌. ഒടുവില്‍ കാവടി സംഘത്തിന്‍റെ കൈയും കാലും പിടിച്ചു കുട്ടിയുടെ അമ്മയുടെ അച്ഛന്‍ . കാവടി സംഘവും അച്ഛനും കൂടി എനിക്ക് വഴിഒരുക്കിത്തന്നു. അതിനിടക്ക് എനിക്ക് വേണ്ടി വഴി ഒതിക്കി തന്ന ഒരു കാറിനിട്ടു ഒരു ഇടിയും കൊടുത്തു ഞാന്‍. ആ നല്ലവനായ പാവത്താന്‍ കാര്‍ ഉടമയെ നന്ദിപൂര്‍വം ഇപ്പോഴും ഓര്‍ക്കുന്നു. ഹോസ്പിറ്റലില്‍ ഒരു കണക്കിന് എത്തി. വഴി നീളെ കാറിന്‍റെ ലൈറ്റ് ഓണ്‍ ചെയ്തിട്ടിരുന്നു.ഡോക്ടര്‍ വേഗം ആക്ട്‌ ചെയ്തു.അവളെ ആദ്യമായി ഓപെറേഷന്‍ തിയറ്ററില്‍ കൊണ്ട് പോകുന്നതാണ്. ആദ്യത്തെ വേദനയെല്ലാം പോയി അവള്‍ ഹാപ്പി ആയി കഴിഞ്ഞിരുന്നു. ആ ഒരു വയസുകാരി പച്ച ഉടുപ്പും ഇട്ടോണ്ട് പോകാന്‍ നില്‍ക്കുന്നത് കണ്ടിട്ട് എനിക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. ആ നേരത് എന്നെയും അമ്മുമ്മ, അച്ചാച്ചന്‍, അമ്മയുടെ മാമന്മാര്‍ എന്നിവര്‍ക്കെല്ലാം “അച്ചച്ച ഉമ്മ അമ്മമ്മ ഉമ്മ” എന്ന്പറഞ്ഞു പതിവില്ലാത്ത പോലെ …………… ഓ എന്‍റെ നെഞ്ചില്‍ ഇപ്പോഴും അതിന്റെ സങ്കടതീ എരിയുന്നു.ഞാന്‍ വിളിക്കാത്ത ദൈവങ്ങളില്ല അന്ന്. ഞങ്ങളുടെ കുഞ്ഞു പേരക്കുട്ടി അനസ്തേഷ്യ കഴിഞ്ഞു ബോധം വീണപ്പോഴാണ് ഞങ്ങള്‍ക്കെല്ലാം ശ്വാസം നേരെ വീണതും എന്‍റെ മുത്തിനെ ഞാന്‍ വാരിയെടുത്ത് അവള്‍ തന്ന ചക്കര ഉമ്മ മടക്കി കൊടുത്തു. അവള്‍ ഇപ്പോള്‍ അവളുടെ അച്ചച്ചന് റെയും അമ്മമ്മയുടെയും കൂടെ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്താണ് ആസ്ട്രേലിയയിലെ പെര്‍ത്തില്‍……
ഇനി അവളുടെ ജീവിത കഥ എഴുതി തുടങ്ങാമെന്ന് കരുതുന്നു…………………..എന്‍റെ പ്രിയപ്പെട്ട അവ്നി മോള്‍
മൂന്നര വയസ്സായി അവള്‍ക്കിപ്പോ .ഒരുവിധം എല്ലാ കാര്യങ്ങളും അവള്‍ക്കറിയാം അന്നു നെറ്റി പൊട്ടിയ കാര്യമൊന്നും അത്ര വലുതായി ഓര്‍ക്കുന്നില്ല എന്ന് തോന്നുന്നു.  2014 മെയ്‌ 21നു അവള്‍ അവളുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്‌ആസ്ത്രേലിയക്കു പോയി.ഇനി അവളുടെ ഭാഷാ, സംസ്കാരം എന്നിവ എല്ലാം വേറെയായിരിക്കും കഴിഞ്ഞ മൂന്നര വര്‍ഷം കടന്നു പോയത് അറിയുന്നെ ഇല്ല.അവ്നി ആനന്ദ് എന്ന പേരാണ് അവള്‍ക്ക് ഇട്ടത്.
അമ്പിളി മോളൂനെ (ഞാന്‍ മോളൂസ് എന്ന് വിളിക്കും) പ്രസവിക്കുവാന്‍ നിൽക്കുമ്പോഴാണ് അമ്പിളി പറയുന്നത്
” എനിക്ക് പറവൂറിലെ അമ്മയുടെ സാന്നിഗ്ധ്യം ഡെലിവറി സമയത്ത് വേണം അച്ഛനും അമ്മയ്ക്കും വരാന്‍ കഴിയില്ലേ ?” വിമലും അതുതന്നെ പറഞ്ഞു/
ഞങ്ങള്‍ സമ്മതം മൂളി .
2011 സെപ്തംബര്‍ 28 നു ഞങ്ങള്‍ മുംബൈ ക്ക് പോയി .അവിടെ നിന്നും അടുത്ത ദിവസം എയര്‍ ഏഷ്യ ഫ്ലൈറ്റ് ല്‍ കുലാലംബുര്‍,വഴി 30 നു അതിരാവിലെ 5.30 നു പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ ഇറങ്ങി.കസ്റ്റംസ് ചെക്കിംഗ് എല്ലാം കഴിഞ്ഞു .ലഗൈജില്‍ ഉണ്ടായിരുന്ന ഒന്നും എടുത്തു കളയുകയോ മറ്റോ ചെയ്തില്ല ഉ ദ്യോഗസ്ഥര്‍ .ഇവിടെ നിന്നും പോകുമ്പോള്‍ പലരും പറഞ്ഞിരുന്നു .ഓസ്ട്രേലിയയിലെ കസ്റംസ് ചെക്കിംഗ് വളരെ Strict ആണെന്നൊക്കെ.പക്ഷെ ഞങ്ങളുടെ അനുഭവം മറിച്ചാണ്.
വിമലും അമ്പിളിയും ലോഞ്ചില്‍ ഞങ്ങളെയും കാത്തു ഇരിപ്പുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ അവരെയും ഞങ്ങളെ അവരും കണ്ടില്ല. പുറത്തു കടന്നു ഒരു ടാക്സി വിളിച്ചു വീട്ടിലേക്കു പോകാം എന്ന് കരുതി ഞാന്‍ പുറത്തേക്ക് ഇറങ്ങി.എയര്‍ കണ്ടീഷനില്‍ നിന്നും പുറത്തു കടന്ന ഉടനെ തണുത്ത കാറ്റ് ശരീരത്തിലേക്ക് അടിച്ചു കയറി. ഹാവൂ വിറച്ചു പോയി .തിരികെ ചാടി ലോഞ്ചിനകത്തെക്ക് തന്നെ കയറി. അപ്പോഴാണ്‌ അമ്പിളിയുടെ വിളി കേള്‍ക്കുന്നത്
“അച്ഛാ ”
“അച്ഛന്‍ എപ്പോ പുറത്തേക്ക് പോയി ഞങ്ങള്‍ ഇവിടെ ഇരിപ്പുണ്ടായിരുന്നല്ലോ ”
“ഞാന്‍ ശ്രദ്ധിച്ചില്ല ” ഞാന്‍ പറഞ്ഞു .
പുറത്തേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഞാനും രമയും സ്വെറ്റര്‍ ,ക്യാപ് എന്നിവ ധരിച്ചു.വിമലിന്റെ കാറില്‍ കയറി ഞങ്ങള്‍ ലിന്‍ വുഡ് എന്ന സബ് അര്‍ബന്‍ ഏരിയ യിലേക്ക് പൊയി. കെന്‍ടന്‍ സ്ട്രീട്ടിനാണ് മക്കളുടെ വീട്.ഇപ്പോള്‍ വാടകക്ക് ആണ്.
അമ്പിളി ക്ക് സമയം പറഞ്ഞിരിക്കുന്നത് ഒക്ടോബര്‍ അവസാനം ആണ് .ഒരുമാസം കൂടി ഉണ്ട്.
Posted in Uncategorized | Leave a comment


ഞാന്‍ വീണ്ടും ബ്ലോഗിലേക്ക്

അതെ, വീണ്ടും ബ്ലോഗിലേക്ക് ഇറങ്ങുകയാണ്
പെരുംതച്ചന്‍ പറവൂര്‍
Posted in Uncategorized | Leave a comment